ഊരകം അമ്മത്തിരുവടി ക്ഷേത്രം
കേരളത്തിലെ തൃശ്ശൂർ ജില്ലയിൽ തൃശ്ശൂർ പട്ടണത്തിന് 12 കിലോമീറ്റർ അകലെയായി ഊരകം എന്ന ഗ്രാമത്തിലാണ് അമ്മത്തിരുവടി ക്ഷേത്രം സ്ഥിതിചെയ്യുന്നത്. "ആദിപരാശക്തിയും" പരമാത്മ ശക്തിസ്വരൂപിണിയുമായ "ശ്രീ ദുർഗ്ഗാദേവിയാണ്" പ്രധാന പ്രതിഷ്ഠ. ശ്രീ മഹാകാളി, ശ്രീ മഹാലക്ഷ്മി, ശ്രീ മഹാസരസ്വതി എന്നീ മൂന്ന് ഭാവങ്ങളിലും ഇവിടെ ദേവി ആരാധിക്കപ്പെടുന്നു. പ്രശസ്തമായ നൂറ്റെട്ട് ദുർഗ്ഗാക്ഷേത്രങ്ങളിൽ ഒന്നാം സ്ഥാനം അലങ്കരിക്കുന്നതായി ഈ ക്ഷേത്രം കരുതപ്പെടുന്നു. ചെന്നൈക്കടുത്തുള്ള "ശ്രീ കാഞ്ചി കാമാക്ഷി" തന്നെയാണ് ഈ ദേവി എന്നൊരു സങ്കൽപ്പവുമുണ്ട്.
ഐതിഹ്യമനുസരിച്ചു പൂമുള്ളി നമ്പൂതിരി (തിരുവലയന്നൂർ ഭട്ടതിരി എന്നും ഇദ്ദേഹം അറിയപ്പെടാറുണ്ട്) 700 മുതൽ 1000 വരെ വർഷങ്ങൾക്കുമുൻപാണ് അമ്മത്തിരുവടി ക്ഷേത്രം സ്ഥാപിച്ചത്. ഈ ക്ഷേത്രം ഇന്ന് സ്ഥിതിചെയ്യുന്ന സ്ഥലത്തായിരുന്നു നമ്പൂതിരിയുടെ ഇല്ലം സ്ഥിതിചെയ്തിരുന്നത്. കേരളത്തിലെ പുരാതനമായ 64 ഗ്രാമങ്ങളിൽ ഒന്നായ പെരുവനം ഗ്രാമത്തിന്റെ ഭാഗമായിരുന്നു ഊരകം. ചെന്നൈക്കടുത്തുള്ള കാഞ്ചീപുരം കാമാക്ഷിയമ്മൻ ക്ഷേത്രത്തിൽ പ്രാർത്ഥിക്കാൻ പോയ നമ്പൂതിരിയുടെ ഭക്തിയിൽ പ്രീതയായ "കാഞ്ചി കാമാക്ഷി ദേവി" നമ്പൂതിരിയുടെ ഓലക്കുടയിൽ കേറി കേരളത്തിലെത്തിലെത്തി എന്നാണ് ഐതിഹ്യം. വീട്ടിൽ തിരിച്ചെത്തിയ നമ്പൂതിരി ഓലക്കുട വീട്ടിന്റെ നിലത്തു വെച്ചു. പിന്നീട് അദ്ദേഹം വന്നപ്പോൾ ഓലക്കുട നിലത്തുനിന്നും ഉയർത്താൻ സാധിച്ചില്ല. നിലത്ത് ഓലക്കുട ഉറച്ചുപോയിരുന്നു. പിന്നീട് ഈ കുടയിൽ ആദിപരാശക്തിയായ കാഞ്ചി കാമാക്ഷി കുടികൊള്ളുന്നു എന്ന് പ്രശ്നവശാൽ കണ്ടെത്തി. നമ്പൂതിരിയുടെ സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ട ജഗദംബിക ഊരകം വിട്ട് ദേവിക്കായി അവിടെ ഒരു ക്ഷേത്രം പണിയാൻ ആവശ്യപ്പെട്ടു. ദൂരെ ഒരു കിണറ്റിൽ ദേവീവിഗ്രഹം കണ്ടെത്താമെന്നും മഹാമായ സ്വപ്നത്തിൽ അറിയിച്ചു. നമ്പൂതിരി ദേവി അരുളിച്ചെയ്തതുപോലെ ക്ഷേത്രം നിർമ്മിക്കുകയും തന്റെ എല്ലാ സ്വത്തുക്കളും ക്ഷേത്രത്തിന് ദാനം ചെയ്യുകയും ചെയ്തു. ക്ഷേത്രത്തിന്റെ ഭരണാധികാരം അദ്ദേഹം കൊച്ചി രാജ്യത്തിന് ഏൽപ്പിച്ചു. അന്നുമുതൽ ഈ ദേവി "അമ്മത്തിരുവടി" എന്ന് അറിയപ്പെടുന്നു.
അടി എന്ന വിശേഷണം കൊണ്ട് ആദിയിൽ ഇത് ജൈനക്ഷേത്രമോ ബൌദ്ധക്ഷേത്രമോ ആയിരിക്കാനാണ് സാധ്യത എന്നാണ് ചരിത്രകാരനായ വി.വി.കെ വാലത്ത് കരുതുന്നത്. സന്യാസിമാരെ അക്കാലത്ത് അടികൾ എന്ന് വിളിച്ചിരുന്നു. ബ്രാഹ്മണമേധാവിത്വകാലത്ത് അത് പനിമലമകൾ അഥവാ പാർവ്വതിയായിത്തീർന്നു.
സാഹിത്യഗ്രന്ഥങ്ങളിൽ ഈ ഭഗവതി പരാമർശിക്കപ്പെട്ടിട്ടുണ്ട്.
കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിലും ക്ഷേത്രത്തെക്കുറിച്ച് പരാമർശമുണ്ട്.
കേരളത്തിലെ 108 ദുര്‍ഗ്ഗാക്ഷേത്രങ്ങളില്‍ പ്രമുഖമാണ് തൃശൂര്‍ ഊരകത്തുള്ള ഊരകത്തമ്മതിരുവടി ക്ഷേത്രം. അമ്മതിരുവടി ക്ഷേത്രം എന്നറിയപ്പെടുന്ന വാലായാധീശ്വരി ക്ഷേത്രത്തിലെ പ്രധാന അഞ്ചുത്സവങ്ങളാണ് തൃക്കാര്‍ത്തിക, പൂരം, നവരാത്രി, ഇല്ലം നിറ, വാവരാട്ട് എന്നിവ.
അമ്മ തിരുവടിയുടെ ജന്മദിനമായി കണക്കാക്കുന്ന വൃശ്ചികത്തിലെ കാര്‍ത്തിക നാളാണ് തൃക്കാര്‍ത്തിക ഉത്സവമായി ആഘോഷിക്കുന്നത്. അലങ്കരിച്ച ആനകളുടെ മുകളിലുള്ള എഴുന്നള്ളത്തും ഭക്തര്‍ക്കു നല്‍കുന്ന സദ്യയുമാണ് തൃക്കാര്‍ത്തിക ഉത്സവത്തിന്റെ പ്രധാന ചടങ്ങുകള്‍.
13 ദിവസം നീണ്ടു നില്‌ക്കുന്ന മീനമാസത്തിലെ പൂരാഘോഷമാണ് രണ്ടാമത്തെ പ്രധാന ഉത്സവം. ഈ ക്ഷേത്രത്തില്‍ പൂരോത്സവമില്ല എന്നത് എടുത്തു പറയേണ്ട ഒരു കാര്യമാണ്. പെരുവനത്തിലേയും, ആറാട്ടുപ്പുഴയിലേയും പൂരങ്ങളില്‍ ഇവിടുത്തെ ദേവി പങ്കെടുക്കുക മാത്രമാണ് ചെയ്യുക. പൂരങ്ങളുമായി ബന്ധപ്പെട്ട് ഈ ക്ഷേത്രത്തില്‍ പല ചടങ്ങളുകളുമുണ്ട്. അഞ്ചാം ദിവസം രോഹിണി വിളക്കും ആറാം ദിവസം മകയിരം പുറപ്പാടും ഉണ്ടായിരിക്കും. മറ്റു പൂരങ്ങളില്‍ പങ്കെടുക്കുവാന്‍ ഊരകത്തമ്മ പോകുന്നതാണ് മകയിരം പുറപ്പാട്.
ഏഴാം ദിവസം ഊരകം മാമ്പള്ളി ക്ഷേത്രക്കുളത്തില്‍ തിരുവാതിര ആറാട്ടു നടത്തും തുടര്‍ന്ന് പെരുവനം പൂരവും ശ്രീബലരാമന്‍ ക്ഷേത്രത്തില്‍ പുണര്‍തം ആറാട്ടും കഴിഞ്ഞ് 8 ആം ദിവസം തിരിച്ചു വരുമ്പോള്‍ ചാത്തുക്കുടം ശാസ്‌താവിനോട് ഉപചാരം ചൊല്ലി പിരിയുന്നു. 12 ആം ദിവസം അതിരാവിലെ ദേവി ആറാട്ടുപുഴ പൂരത്തിലും കൂട്ടി എഴുന്നള്ളിപ്പിലും (ദേവസംഗമം) ആറാട്ടുപുഴ ശാസ്‌താവിനൊപ്പം പങ്കെടുക്കുകയും തൃപ്രയാര്‍ തേവരോടൊപ്പം മന്ദാരം കാവില്‍ ആറാട്ടു നടത്തുകയും ചെയ്യും. അടുത്ത ദിവസം ഉത്രംപാട്ടും, ബ്രഹ്മിണിപ്പാട്ടും ഉണ്ടായിരിക്കും. അത്തം കൊടിക്കുത്തോടെ പൂരം ഉത്സവം സമാപിക്കും.
തൃക്കാര്‍ത്തിക,ഉത്രം പാട്ട്, രോഹിണി വിളക്ക്‌എന്നീ ദിവസങ്ങൾ ആണ് മറ്റു വിശേഷദിവസങ്ങൾ 🌺
🙏🏻ശാന്തിസുരേഷ് പനവേലിൽ