കാമാക്ഷി ഏകാംബരേശ്വര ക്ഷേത്രം, കരമന

കാമാക്ഷി ഏകാംബരേശ്വര ക്ഷേത്രം, കരമന

തിരുവനന്തപുരം ജില്ലയിൽ കരമനയിലാണ് കാമാക്ഷി ഏകാംബരേശ്വര ക്ഷേത്രം, കരമനയിൽ നിന്നും 750 മീറ്റർ മാറിയാണ് ക്ഷേത്രം. ശ്രീ കാമാക്ഷി സമേത ഏകാംബരേശ്വര ക്ഷേത്രമാണ്. (ഇന്ത്യയിൽ പലസ്ഥലങ്ങളിലായി കാമാക്ഷി ഏകാംബരേശ്വര ക്ഷേത്രങ്ങളുണ്ട്. കാഞ്ചീപുരത്തെ പ്രസിദ്ധമായ ക്ഷേത്രമാണ് ഏകാംബരേശ്വര സ്വാമി ക്ഷേത്രം) ഗണപതിയുടെ സന്നിധിയുമുണ്ട്. ഏറ്റവും ആദരണീയരായ ശൈവ സന്യാസിമാർ ഈ ക്ഷേത്രത്തിൻറെ മഹത്വം ആലപിച്ചിട്ടുള്ള 275 പാദൽപേത്ര സ്ഥലങ്ങളിൽ ഒന്നാണിത്. ഗണപതിയുടെ തൊട്ടടുത്തുള്ള സന്നിധി കാഞ്ചിയിലെ ജഗത്ഗുരു ശങ്കരാചാര്യരാണ്. ഗണപതിയുടെ വിഗ്രഹത്തിൻറെ വലതുവശത്ത് സുബ്രഹ്മണ്യനാണ്. കാമാക്ഷി അമ്മൻ, ഏകാംബരേശ്വരൻ എന്നിവരുടെ സന്നിധികൾ ക്ഷേത്രത്തിൻറെ മധ്യഭാഗത്താണ്. കാമാക്ഷി ഏകാംബരേശ്വര ക്ഷേത്രത്തിലെ പ്രധാന ഉത്സവങ്ങളിൽ മഹാശിവരാത്രി ഉൾപ്പെടുന്നു. എല്ലാ മാസവും പ്രദോഷ പൂജയും നടത്തിവരുന്നു.

കാമാക്ഷി ഏകാംബരേശ്വര ക്ഷേത്രത്തിൽ എല്ലാ വിശേഷദിവസങ്ങളും ആചരിക്കപ്പെടുന്നു. മാർച്ച്, ഏപ്രിൽ മാസങ്ങളിൽ പത്തു ദിവസം നീണ്ടുനിൽക്കുന്ന പൈങ്കുനി ബ്രഹ്മോത്സവമാണ് ഇതിൽ പ്രധാനം. കല്യാണോത്സവം എന്ന ആഘോഷത്തോടെയാണ് സമാപനം.

ഏകാംബരേശ്വര ക്ഷേത്രത്തിൻറെ ഉത്പത്തിയെ സംബന്ധിച്ച് ഒന്നിലധികം ഐതിഹ്യങ്ങൾ നിലവിലുണ്ട്.
ഒരിക്കൽ ദേവി പാർവതി വേഗാവതി നദിക്കരയിലെ ഒരു മാവിൻ ചുവട്ടിലിരുന്ന് തപസ്സനുഷ്ടിക്കുന്ന സമയം പാർവതിദേവിയുടെ ഭക്തിയെ പരീക്ഷിക്കുന്നതിനുവേണ്ടി ശിവൻ അഗ്നിയെ പാർവതിക്കുനേരെ അയച്ചു. ദേവി അപ്പോൾ ഭഗവാൻ വിഷ്ണുവിനെ ആരാധിക്കുകയും വിഷ്ണു പാർവതിയുടെ രക്ഷയ്ക്കെത്തുകയും ചെയ്തു. പാർവതിയുടെ തപം ഭംഗപ്പെടുത്തുവാനായി ഭഗവാൻ ശിവൻ പിന്നെ ഗംഗയെയാണ് അയച്ചത്. പാർവതി തൻറെ സഹോദരിക്കു തുല്യയാണെന്ന് മനസ്സിലാക്കിയ ഗംഗാ ദേവിയുടെ തപസ്സിന് വിഘാതം സൃഷ്ടിച്ചില്ല. പാർവതിക്ക് ശിവനോടുള്ള ഭക്തിയുടെയും ആദരവിൻറേയും ആഴം മനസ്സിലാക്കിയ ശിവൻ ദേവിക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടു. മാവിൻ വൃക്ഷത്തിൽനിന്ന് ജനിച്ച ദേവനാണ് ഏകാംബരേശ്വരൻ എന്നാണ് ഒരു ഐതിഹ്യം.

മറ്റൊരൈതിഹ്യം പറയുന്നതിപ്രകാരമാണ്: ഒരു മാവിൻചുവട്ടിൽ ഇരുന്ന് പൃഥ്വിലിംഗ രൂപത്തിൽ ശിവനെ ആരാധിക്കുകയായിരുന്നു പാർവതി. സമീപത്തുകൂടി ഒഴുകിയിരുന്ന വേഗാവതി നദി കരകവിഞ്ഞൊഴുകുകയുണ്ടായി. ഇത് ശിവലിംഗത്തിന് തകരാറ് സൃഷ്ടിക്കും എന്ന് മനസ്സിലാക്കിയ പാർവതി ശിവലിംഗത്തെ ആലിംഗനം ചെയ്തു. ആ ശിവലിംഗമാണ് ഏകാംബരേശ്വരൻ. പാർവതിയാൽ ആലിംഗനം ചെയ്യപെട്ട ഭഗവാൻ ശിവനെ തമിഴിൽ തഴുവ കുഴൈന്താർ (ദേവിയുടെ ആലിംഗനത്തിൽ ഉരുകിയ ഭഗവാൻ) എന്ന് വിശേഷിപ്പിക്കാറുണ്ട്.

കാഞ്ചീപുരത്തെ പ്രസിദ്ധമായ ശിവക്ഷേത്രങ്ങളിലൊന്നാണ് ഏകാംബരേശ്വര സ്വാമി ക്ഷേത്രം. പഞ്ചഭൂത (പഞ്ചഭൂതങ്ങൾ) ലിംഗങ്ങളിൽ ഒന്നാണ് ഏകാംബരേശ്വര സ്വാമി ക്ഷേത്രത്തിലെ ശിവലിംഗം. ഭൂമി, വായു, ജലം, അഗ്നി, ആകാശം എന്നിവയാണ് പഞ്ചഭൂതങ്ങൾ. ഈ ക്ഷേത്രം ഭൂമിയെ പ്രതിനിധീകരിക്കുന്നു. ക്ഷേത്രത്തിനുള്ളിൽ ശിവലിംഗവും ഒരു മാവിൻ ചുവട്ടിൽ കാമാക്ഷി ദേവിയുമാണ് (പാർവ്വതി ദേവി) മണൽ കൊണ്ട് നിർമ്മിച്ചതാണ് കാമാക്ഷി ദേവി. രുദ്രശാല, രുദ്രകോടി, ഭൂകൈലാസഃ എന്നും ഇതിനെ വിളിക്കുന്നു.

കാഞ്ചീപുരം കാമാക്ഷി ഏകാംബരേശ്വര ക്ഷേത്രത്തിൽ ശിവനെ ഭൗമലിംഗ രൂപത്തിലാണ് ആരാധിക്കുന്നത്. 192 അടി ഉയരത്തിൽ, മധ്യ ക്ഷേത്ര ഗോപുരം ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരം കൂടിയ ഒന്നാണ്. പ്രധാന ഘടന കൊത്തുപണികളുള്ള വലിയ കൽത്തൂണുകൾ വഹിക്കുന്നു. പ്രധാന ക്ഷേത്രത്തിനോട് ചേർന്ന് 3500 വർഷം പഴക്കമുള്ള ഒരു മാവുണ്ട്. ഈ മാവിൻറെ ചുവട്ടിൽ പാർവ്വതി ദേവി തപസ്സു ചെയ്തു എന്നാണ് വിശ്വാസം. മരത്തിൻറെ നാല് ശാഖകളും നാല് വേദങ്ങളുടെ പൊരുളായി കാണുന്നു, ഓരോ ശാഖയും വ്യത്യസ്ത രുചികളുള്ള ഫലം കായ്ക്കുന്നു.