നാലമ്പല ദർശനം

കർക്കിടക മാസം വന്നെത്തിയാൽ ഹൈന്ദവ ഭവനങ്ങളിലും ക്ഷേത്രങ്ങളിലും ഒരു മാസക്കാലം ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ രാമായണ പാരായണം നടക്കും. ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകളും വഴിപാടുകളും നാലമ്പല ദർശന യാത്രകളും ഈ കർക്കിടക മാസത്തിൽ ഉണ്ടാവും.കർക്കടകത്തിൽ രാമായണ പാരായണത്തിനൊപ്പം നാലമ്പലദർശനവും പുണ്യമാണെന്നാണ് വിശ്വാസം.നാലമ്പലം എന്നത് കേരളത്തിലെ നാല് ക്ഷേത്രങ്ങളുടെ ഒരു കൂട്ടമാണ്. രാമായണത്തിലെ ദശരഥ രാജാവിന്റെ പുത്രന്മാരായ ശ്രീരാമൻ, ഭരതൻ, ലക്ഷ്മണൻ, ശത്രുഘ്നൻ എന്നിവരുടെ ക്ഷേത്രങ്ങളിൽ ദര്‍ശനം നടത്തുന്നതിനെയാണ് നാലമ്പല ദര്‍ശനം എന്ന് പറയപ്പെടുന്നത്. നാല് ക്ഷേത്രങ്ങളിലും ഒരു ദിവസം കൊണ്ട് ദര്‍ശനം നടത്തണം.

നാലമ്പലയാത്ര രാമപുരത്തെ രാമക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച് കൂടപ്പുലത്തെ ലക്ഷ്മണ ക്ഷേത്രത്തിലേക്ക് പോകുന്നു. അവിടെ നിന്ന് അമനകരയിലെ ഭരതക്ഷേത്രത്തിലേക്കും തുടർന്ന് മേതിരിയിലെ ശത്രുഘ്ന ക്ഷേത്രത്തിലേക്കും എത്തുന്നു . അതിനു ശേഷം രാമപുരത്തെ ശ്രീരാമക്ഷേത്രത്തിൽ തിരിച്ചെത്തുമ്പോൾ മാത്രമേ നാലമ്പലയാത്ര പൂർത്തിയാകൂ. നാലമ്പലം ദര്‍ശനം ഒരേ ദിവസം ഉച്ചപൂജയ്ക്കു മുമ്പ് പൂര്‍ത്തിയാക്കുന്നത് ഏറ്റവും ഉത്തമമാണെന്നുള്ള വിശ്വാസമാണ് രാമപുരത്തെ നാലമ്പല ദര്‍ശനത്തിന് പ്രാധാന്യമേറുവാന്‍ കാരണം.

ശ്രീരാമസ്വാമിക്ക് അമ്പു വില്ലും സമര്‍പ്പണം, ശ്രീലക്ഷ്മണ സ്വാമിക്ക് ചതുര്‍ബാഹു സമര്‍പ്പണം, ശ്രീഭരതസ്വാമിക്ക് ശംഖ് സമര്‍പ്പണം, ശ്രീശത്രുഘ്‌ന സ്വാമിക്ക് ശ്രീചക്രസമര്‍പ്പണം എന്നിവയാണ് പ്രധാന വഴിപാടുകൾ. 

രാമപുരം ശ്രീരാമസ്വാമിക്ഷേത്രം

കോട്ടയം ജില്ലയിൽ രാമപുരം എന്ന ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ ഒരു ക്ഷേത്രമാണ് രാമപുരം ശ്രീരാമസ്വാമിക്ഷേത്രം. വൈഷ്ണവ പാരമ്പര്യത്തിലെ 108 അഭിമാന ക്ഷേത്രങ്ങളിൽ ഒന്നായി ഈ ക്ഷേത്രത്തെ തരംതിരിച്ചിട്ടുണ്ട്. ചതുർബാഹുവായ കിഴക്കോട്ട് ദർശനമായി ശ്രീരാമനാണ് ക്ഷേത്രത്തിൽ പ്രധാന പ്രതിഷ്ഠ.കൂടാതെ അനവധി ഉപദേവതമാരും ഈ ക്ഷേത്രത്തിലുണ്ട്.

ശ്രീരാമൻ അയോധ്യ രാജ്യം വിട്ട് പതിന്നാലു വർഷത്തെ വനവാസത്തിനിടെ സീത ദേവിയെ കണ്ടെത്താൻ നടത്തിയ യാത്രക്കിടെ ഇന്നത്തെ രാമപുരം ഗ്രാമത്തിലെത്തി എന്നാണ് ഐതിഹ്യം. ധ്യാനത്തിന് അനുയോജ്യമായ സ്ഥലമായി ഇവിടം കണ്ടെത്തി. ശ്രീരാമനെ തിരഞ്ഞു വന്ന സഹോദരങ്ങൾ ഇവിടെ തപസ്സു ചെയ്യുന്ന സഹോദരനെ കണ്ടപ്പോൾ, അവരും അദ്ദേഹത്തിൻ്റെ അരികിൽ ഇരുന്നു ധ്യാനിച്ചു. ലക്ഷ്മണൻ കൂടപ്പുലത്തും ഭരതൻ അമനകരയിലും ശത്രുഘ്നൻ മേതിരിയിലും. കാലക്രമേണ, അവർ ധ്യാനിച്ച സ്ഥലങ്ങളിൽ അവർക്കായി പ്രത്യേക ക്ഷേത്രങ്ങൾ ഉയർന്നുവരുകയും അത് നാലമ്പലം എന്നറിയപ്പെടുകയും ചെയ്തു.

രാമപുരം ഗ്രാമത്തിന്റെ ഏകദേശം ഒത്ത നടുക്കായാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ക്ഷേത്രത്തിന്റെ മുഖ്യ കവാടത്തിന്റെ മുകളിൽ ഗണപതി, ശ്രീരാമപട്ടാഭിഷേകം, സരസ്വതി എന്നീ രൂപങ്ങൾ കാണാം.അതിനു ഇരുവശത്തുമായി ഹനുമാൻ, നാരദൻ എന്നീ രൂപങ്ങളുമുണ്ട്.കവാടം കടന്നു കുറച്ചു മുന്നോട്ടു സഞ്ചരിച്ചാൽ രണ്ടു നിലകളോട് കൂടിയ ഓട് മേഞ്ഞ മനോഹരമായ കിഴക്കേ ഗോപുരം കാണാം. വടക്കു ഭാഗത്തായി ക്ഷേത്രക്കുളവുമുണ്ട് . തൃപ്രയാറിൽ പോലെ ഇവിടെയും മീനൂട്ട് വഴിപാട് നടത്താറുണ്ട്. കിഴക്കേഗോപുരവും ആനക്കൊട്ടിലും കടന്നു ചെന്നാൽ, ഭഗവാന്റെ വാഹനമായ ഗരുഡനെ ശിരസ്സിലേറ്റി നിൽക്കുന്ന കൂറ്റൻ കൊടിമരം കാണാം.

കരിങ്കല്ലിൽ തീർത്ത വട്ടശ്രീകോവിലാണ് ഇവിടെയുള്ളത്. ചെമ്പു മേഞ്ഞ ശ്രീകോവിലിനു മുകളിൽ സ്വർണ താഴികക്കുടം കാണാം. ഉള്ളിൽ പ്രധാനമൂർത്തിയായ ശ്രീരാമസ്വാമിയുടെ , ആറടി ഉയരം വരുന്ന ചതുർബാഹു വിഷ്ണുവിഗ്രഹത്തിൽ കിഴക്കോട്ട് ദർശനമായി കുടികൊള്ളുന്നു.ശംഖുചക്രഗദ പദ്മധാരിയായി നിൽക്കുന്ന രൂപത്തിലാണ് ഇവിടെ ഈശ്വരചൈതന്യം കുടികൊള്ളുന്നത്.പുറകിലെ വലതുകയ്യിൽ സുദർശനചക്രവും പുറകിലെ ഇടതുകയ്യിൽ പാഞ്ചജന്യം ശംഖും മുന്നിലെ ഇടതുകയ്യിൽ തലകീഴായി കൗമോദകി ഗദയും മുന്നിലെ വലതുകയ്യിൽ താമരയും. പട്ടാഭിഷേകസമയത്തെ ശ്രീരാമനായാണ് പ്രതിഷ്ഠയുടെ സങ്കല്പം.അതിനാൽ ഭഗവൽ ദർശനം സർവ ഐശ്വര്യ പ്രദായകമാണെന്നു പറയപ്പെടുന്നു.ശ്രീകോവിലിനോട് ചേർന്ന് ശിവൻ ,പാർവതി ,ഗണപതി ,സുബ്രമണ്യൻ ,ശാസ്താവ് എന്നീ ഉപദേവതാ പ്രതിഷ്ഠകളും കിഴക്കോട്ടു ദർശനമായി വാഴുന്നു .

കൂടപ്പുലം ലക്ഷ്മണ സ്വാമി ക്ഷേത്രം

മദ്ധ്യ കേരളത്തിലുള്ള കോട്ടയം ജില്ലയിലെ രാമപുരത്ത് നിന്ന് ഉഴവൂര്‍ റൂട്ടില്‍ നാല് കിലോമീറ്റര്‍ ദൂരത്തിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. നാലമ്പല ദർശന ക്രമത്തിൽ രണ്ടാമത് ദര്‍ശനം നടത്തേണ്ട ക്ഷേത്രമാണിത്. നാലു കൈകളാലും അനുഗ്രഹം വാരിച്ചൊരിയുന്ന ചതുർബാഹു വിഗ്രഹത്തിലാണു ലക്ഷ്മണ ചൈതന്യം. സ്വയംഭൂവായി പടിഞ്ഞാറോട്ടു ദർശനമായ അയ്യപ്പപ്രതിഷ്ഠയും ഇവിടത്തെ പ്രത്യേകതയാണ്. ചതുര്‍ബാഹു വഴിപാടാണ് ഇവിടുത്തെ പ്രത്യേക വഴിപാട്. ശംഖ്, ചക്രം, ഗദ, പത്മം എന്നിവ തട്ടങ്ങളില്‍ സമര്‍പ്പിക്കുന്ന വഴിപാടാണിത്. ഭക്തജനങ്ങൾക്കായി പ്രത്യേക ഔഷധക്കൂട്ടിൽ എല്ലാ ദിവസവും ഔഷധ ജലവിതരണവും ഉണ്ട്.

അമനകര ഭരതസ്വാമി ക്ഷേത്രം

രാമപുരം – കൂത്താട്ടുകുളം റൂട്ടിൽ അമനകര എന്ന പ്രദേശത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. നാലമ്പലങ്ങളില്‍ മൂന്നാമതായി ദര്‍ശിക്കേണ്ട ക്ഷേത്രമാണിത്. പടിഞ്ഞാറോട്ടു ദർശനമുള്ള ഈ ഭരത ക്ഷേത്രത്തിൽ ശംഖു സമർപ്പണമാണ് പ്രധാന വഴിപാട്.ആറാട്ട് നടക്കുന്ന കുളമുള്ള ഇവിടെ മീനൂട്ടും നടത്താറുണ്ട്.

മേതിരി ശത്രുഘ്ന സ്വാമി ക്ഷേത്രം

അമനകരയിൽ നിന്ന് രണ്ട് കിലോമീറ്റര്‍ മാറി മേതിരിയിലാണ് ശത്രുഘ്ന സ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.നാലമ്പലങ്ങളില്‍ നാലാമതായി ദര്‍ശനം നടത്തേണ്ട ക്ഷേത്രമാണിത്. ഇവിടുത്തെ പ്രതിഷ്ഠ ഉച്ചവരെ ശത്രുഘ്‌നന്റെയും തുടർന്ന് 'സന്താന ഗോപാലന്റെയും' വിഗ്രഹമാണെന്നും വിശ്വസിക്കപ്പെടുന്നു. നാലമ്പല ദർശനം ഉച്ചയ്ക്ക് മുമ്പ് (ഉച്ചപൂജ) പൂർത്തിയാക്കണം എന്ന് പറയപ്പെടുന്നത്. ശ്രീചക്രമാണ് ക്ഷേത്രത്തിലെ പ്രധാന വഴിപാട്. സന്താനലബ്ധിക്ക് തൊട്ടില്‍ സമര്‍പ്പണവും ഇവിടത്തെ പ്രധാനവഴിപാടാണ്.സന്താനലബ്ധിക്കും കുട്ടികളെ രോഗങ്ങളിൽനിന്നു രക്ഷിക്കുന്നതിനുമായി തൊട്ടിൽ സമര്‍പ്പണവും നടത്തിവരാറുണ്ട്.