കുക്കെ ശ്രീ സുബ്രഹ്മണ്യ ക്ഷേത്രം,ദക്ഷിണ കന്നഡ.
കർണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിലെ കഡബ താലൂക്കിലെ ( നേരത്തെ സുള്ള്യ താലൂക്കിൽ ) സുബ്രഹ്മണ്യ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഒരു പ്രധാന ക്ഷേത്രമാണ് കുക്കെ സുബ്രഹ്മണ്യ ക്ഷേത്രം. പണ്ട് ഈ സുബ്രഹ്മണ്യ എന്ന സ്ഥലത്തെ കുക്കെ പട്ടണ എന്നാണ് വിളിച്ചിരുന്നത്. സ്കന്ദപുരാണത്തിലെ സനത്കുമാര സംഹിതയിൽ ഈ ക്ഷേത്രത്തെ കുറിച്ച് പ്രതിപാദിക്കുന്നു . കുമാര പർവ്വതത്തിൽ നിന്ന് ഉത്ഭവിച്ച് പടിഞ്ഞാറൻ കടലിലേക്ക് പോകുന്ന 'ധാര' നദിയുടെ തീരത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഈ ക്ഷേത്രത്തിലെ പ്രധാന മൂർത്തിയായ കാർത്തികേയനെ എല്ലാ സർപ്പങ്ങളുടെയും അധിപനായ സുബ്രഹ്മണ്യനായാണ് ഇവിടെ ആരാധിക്കുന്നത്. പക്ഷി രാജാവായ ഗരുഡൻ ഭീഷണിപ്പെടുത്തിയപ്പോൾ പുരാണത്തിലെ പ്രധാന സർപ്പമായ വാസുകിയും മറ്റ് സർപ്പങ്ങളും സുബ്രഹ്മണ്യൻ്റെ കീഴിൽ അഭയം പ്രാപിച്ചതായി പുരാണങ്ങൾ വിവരിക്കുന്നു . ശിവല്ലി മാധ്വ ബ്രാഹ്മണരാണ് ഈ ക്ഷേത്രത്തിലെ പൂജാരിമാർ . മധ്വാചാര്യരുടെ തന്ത്ര സാര സംഗ്രഹ പ്രകാരമാണ് ഈ ക്ഷേത്രത്തിലെ പൂജകളും മറ്റ് നിത്യചടങ്ങുകളും നടക്കുന്നത്.
വിശ്വാസങ്ങൾകൊണ്ടും ആചാരങ്ങൾ കൊണ്ടും ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ക്ഷേത്രങ്ങളിലൊന്നാണിത്. സർപ്പങ്ങളുടെ സംരക്ഷകന്‍ മാത്രമല്ല, ഭൂമിയിലെ സകല ദൈവങ്ങളുടെയും സംരക്ഷകനായി സുബ്രഹ്മണ്യനെയാണ് ഇവിടെ ആരാധിക്കുന്നത്. ശിവന്റെ നിർദ്ദേശമനുസരിച്ച് പുത്രനായ കാർത്തികേയൻ അഥവാ സുബ്രഹ്മണ്യൻ ഇവിടെ സർപ്പങ്ങളുടെ സംരക്ഷകനായി വാഴുന്നു എന്നാണ് വിശ്വാസം, ഇതിന്റെ പിന്നിൽ ഒരു പുരാണ കഥയുണ്ട്. അതിൽ പറയുന്നതനുസരിച്ച് പക്ഷിരാജാവായ ഗരുഡന്റെ നിരന്തരമായുള്ള ആക്രമണത്തിലായിരുന്നു കുറേക്കാലം സർപ്പങ്ങൾ. ഒരിക്കൽ ഇത് സഹിക്കാൻ വയ്യാതെ സർപ്പങ്ങളുടെ രാജാവായ വസുകി ശിവനെ തപസ്സു ചെയ്യുകയും ഗരുഡന്റെ അക്രമണത്തിൽ നിന്നു സംരക്ഷിക്കണമെന്ന് അപേക്ഷിക്കുകയും ചെയ്തു. അപേക്ഷയിൽ മനസ്സലിഞ്ഞ ശിവൻ സുബ്രഹ്മണ്യൻ അഥവാ കാർത്തികേയനെ സർപ്പങ്ങളെ സംരക്ഷിക്കുവാനായി അയച്ചു. അങ്ങനെയാണ് സുബ്രഹ്മണ്യൻ ഇവിടെ എത്തി സർപ്പങ്ങളുടെ സംരക്ഷകനായി മാറിയത്.
കർണാടകയിലെ പശ്ചിമഘട്ട മലനിരകളിലാണ് കുക്കെ സുബ്രഹ്മണ്യ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ദക്ഷിണേന്ത്യയിലുടനീളമുള്ള ട്രെക്കിംഗ് യാത്രക്കാരുടെ പ്രശസ്തമായ ഹൈക്കിംഗ് കേന്ദ്രമായ കുമാരപർവ്വതത്തിലെ പ്രശസ്തമായ പർവതമാണ് ക്ഷേത്രത്തിന് അഭിമുഖമായി സ്ഥിതി ചെയ്യുന്നത്.
കുക്കെ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ നടക്കുന്ന പ്രധാന കാലസർപ്പ ദോഷ ചടങ്ങുകളിൽ ഒന്നാണ് ആശ്ലേഷ ബലി. കാലസർപ്പദോഷത്തിൽനിന്നും കുജദോഷത്തിൽനിന്നും സംരക്ഷകനായാണ് സുബ്രഹ്മണ്യ ഭഗവാൻ അറിയപ്പെടുന്നത്. സർപ്പദോഷത്തിന് ഏറ്റവും പ്രശസ്തമായ ക്ഷേത്രമാണ് കുക്കെ ശ്രീ ക്ഷേത്രം. സർപ്പദോഷത്തിൽ നിന്ന് മുക്തി നേടുന്നതിനായി ഈ ക്ഷേത്രത്തിൽ ഭക്തർ നടത്തുന്ന മറ്റൊരു ചടങ്ങ് ആണ് സർപ്പസംസ്‌കാരം.