ഹരി ശ്രീ ഗണപതയേ നമഃ എന്ന് എഴുതി വിദ്യാരംഭം ആചരിക്കുന്നതിന്റെ കാരണങ്ങൾ

The mantra, ´Om Hari Sri Ganapataye Namah' is said to signify all 51 devanagari letters that form the embodiment of the Naadarupini devi- the Goddess of Sound.

ഹരി ശ്രീ ഗണപതയേ നമഃ എന്ന് എഴുതി വിദ്യാരംഭം ആചരിക്കുന്നതിന്റെ കാരണങ്ങൾ

1.പുരാതന കാലത്തെ ഒരു സംഖ്യാ സമ്പ്രദായ പ്രകാരം ഓരോ അക്ഷരവും ഓരോ സംഖ്യയെ പ്രതിനിധീകരിക്കുന്നു. അതു പ്രകാരം ഹരി ശ്രീ ഗണപതയേ നമഃ എന്ന വാചകത്തിലെ ഓരോ അക്ഷരവും പ്രതിനിധീകരിക്കുന്ന സംഖ്യകൾ : ഹരി... 28 ശ്രീ....2 ഗ... 3 ണ...5 പ.. 1 ത... 6 യെ... 1 ന..0 മ... 5 ഈ സംഖ്യകൾ കൂട്ടിയാൽ കിട്ടുന്നത് 51. അതായത് ഭാഷയിലെ 51 അക്ഷരങ്ങളെ ഈ സംഖ്യകൾ സൂചിപ്പിക്കുന്നു. ഹരി ശ്രീ.... തുടങ്ങിയ അക്ഷരങ്ങൾ അങ്ങനെ ഭാഷയിലെ 51 അക്ഷരങ്ങളെ സൂചിപ്പിക്കുന്നു. 51 അക്ഷരങ്ങളെ സൂചിപ്പിക്കുന്ന ഹരിശ്രീ... എഴുതി വിദ്യാരംഭം ചെയ്യുന്നു. 2. ദേവി സരസ്വതി 51 അക്ഷരത്തിന്റെ അധിപയാണ്, ദേവിയെ അമ്പത്തൊന്നു അക്ഷരാളീ.. എന്ന് വിളിക്കും. ഭാരതത്തിൽ 51 പ്രധാന ദേവീ ക്ഷേത്രങ്ങൾ ഉണ്ട്, ശക്തി പീഠം എന്ന് പറയും. ഓരോ ക്ഷേത്രവും ഓരോ അക്ഷരത്തിനെ പ്രതിനിധീകരിക്കുന്നതാണത്രെ. സംസ്കൃതത്തിൽ ഓരോ അക്ഷരത്തിനേയും മാതൃക(അമ്മ എന്ന അർത്ഥത്തിൽ) എന്ന് പറയും. ഓരോ അക്ഷരവും ദേവിയുടെ നാമവും മന്ത്രവും ആണ്. നമ്മൾ അക്ഷരങ്ങൾ കൂട്ടിച്ചേർത്തു പറയുന്ന ഓരോ വാക്കുകളും ദേവിയെ സ്തുതിക്കുന്നതാണ്. അസംസ്‌കൃതമായ വാക്കുകൾ ഉപയോഗിക്കുമ്പോൾ നമ്മൾ ദേവിയെ നിന്ദിക്കുകയാണ്, അപ്പോൾ വാക്കുകൾ ഉപയോഗിക്കുമ്പോൾ ശുദ്ധമായ വാക്കുകൾ ആയിരിക്കണം. ദേവിയുടെ നാമങ്ങളായ 51 അക്ഷരങ്ങളെ എഴുതുന്നതിന് തുല്യമാണ് ഹരിശ്രീ... എന്നു എഴുതി വിദ്യാരംഭം ചെയ്യുന്നത്. 3. നമ്മളുടെ ശബ്ദത്തിനു നാല് ഭാവങ്ങൾ ഉണ്ട് -പരാ, പശ്യന്തീ , മദ്ധ്യമാ, വൈഖരീ. പുറത്തേക്ക് ഒഴുകി വരുന്ന ശബ്‍ദത്തിനെയാണ് വൈഖരീ എന്ന് പറയുന്നത്. ഈ ശബ്ദം ശരീരത്തിന്റെ ഉള്ളിൽ നിന്ന് വരണം. ശബ്ദം തുടങ്ങുന്നത് നട്ടെല്ലിന്റെ ഏറ്റവും അടി ഭാഗത്ത് സ്ഥിതി ചെയ്യുന്ന മൂലാധാരത്തിൽ നിന്നാണ്. അതിനെ പരാ ശബ്ദം എന്ന് പറയും. ഈ പരാഭാവമാണ് വിദ്യാ സ്വരൂപീണിയായ സരസ്വതി. അവിടെ നിന്നും പുറപ്പെടുന്ന ശബ്ദത്തിന്റെ അടുത്ത ഭാവമാണ് പശ്യന്തീ . അതിനു ശേഷമുള്ള ഭാവം മദ്ധ്യമാ . ഈ മൂന്ന് ഭാവങ്ങളും സാധാരണ മനുഷ്യന് അനുഭവവേദ്യമല്ല. നമ്മൾ അറിയുന്നത് പുറത്തേക്കു വരുന്ന വൈഖരീ ശബ്ദം മാത്രമാണ്. മൂലാധാരത്തിന്റെ അധിപൻ ആണ് ഗണപതി. ആ ദേവനെ ആരാധിച്ചു വിഘ്‌നങ്ങൾ എല്ലാം നീക്കി വേണം പുതിയ വിദ്യ തുടങ്ങാൻ. ആത്മീയ സാധനയിൽ നമ്മൾ വിഹരിക്കുന്ന ലോകം അവിദ്യാരൂപമായി കണക്കാക്കുന്നു. ഈ അവിദ്യയെ ഹരിക്കുവാൻ ഹരിയെ നമിച്ച് , വിദ്യ നേടുവാനുള്ള സംവിധാനങ്ങൾ നേടുവാൻ ശ്രീയെ വണങ്ങി, മൂലാധാര സ്ഥിതനായ ഗണപതിയെ നമസ്കരിച്ചു വിഘ്‌നങ്ങൾ തരണം ചെയ്ത് പരാവിദ്യാ സ്വരൂപീണിയായ സരസ്വതിയുടെ പ്രതീകമായ 51 അക്ഷരങ്ങൾ എഴുതി വിദ്യാരംഭം ചെയ്യണം. 51 അക്ഷരങ്ങളെ സൂചിപ്പിക്കുന്ന ഹരിശീ ഗണപതയേ നമഃ എന്നത് കൊണ്ട് അതാണ്‌ ഉദ്ദേശിക്കുന്നത്.